
കൊച്ചി: റാപ്പർ വേടന്റെ മാലയിൽ ഉള്ളത് പുലിപ്പല്ലെന്ന് സംശയം. വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിനു പിന്നാല പൊലീസ് നടത്തിയ പരിശോധനയിലാണ് മാലയിൽ ധരിച്ചിട്ടുള്ളത് പുലിപ്പല്ലാണെന്ന സംശയമുയർന്നത്. വേടനെ ഉടൻ വനംവകുപ്പ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. അതേസമയം പുലിപ്പല്ല് തായ്ലൻഡിൽനിന്ന് എത്തിച്ചതാണെന്ന് പൊലീസിന് വേടൻ മൊഴി നൽകിയിട്ടുണ്ട്.
പുലിപ്പല്ലാണെന്ന് തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പുപ്രകാരം വേടനെതിരെ കേസെടുക്കും. 5 ഗ്രാം കഞ്ചാവാണ് കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തത്. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നായിരുന്നു കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റ് നേരത്തെ തന്നെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
