തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ്. ലാബ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സ്ഥാപനങ്ങളെ തുടർനടപടികളിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വിജിലൻസിന്റെ ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പരിശോധനയിലാണ് കണ്ടെത്തൽ.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടില്ല. വിവിധ ഹോട്ടലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും നിയമപരമായ തുടർനടപടികളില്ല. കൈക്കൂലിയും മറ്റും വാങ്ങി തുടർനടപടികൾ ഒഴിവാക്കുന്നുവെന്നാണ് കണ്ടെത്തൽ.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിൾ ലാബിൽ പരിശോധിച്ച് സുരക്ഷിതമല്ലെന്ന് ഫലം വന്നാൽ ഒരു വർഷത്തിനുള്ളിൽ ഭക്ഷണം വിറ്റ ആൾക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യണം. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ഇവരെ അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 110 ലധികം പേർ ഇത്തരത്തിൽ രക്ഷപ്പെട്ടതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.