പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസ് വിവാദത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യനാട് ബാങ്ക് ഡയറക്ടര്‍ വി.എ.സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കളുടെ പേരും. സിയാദിന്റെ സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ ഇന്നാണു ബന്ധുക്കള്‍ കണ്ടെത്തി പൊലീസിനു കൈമാറിയത്. കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി.ആര്.ജയചന്ദ്രന്, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാര്‍ എന്നിവരുമാണെന്നാണ് എഴുതിയിരിക്കുന്നത്.
ബന്ധുക്കള്‍ക്ക് ലഭിച്ച ഡയറിക്കുറിപ്പ് ഉടനെ പൊലീസിനെ ഏല്പിക്കുകയും പൊലീസ് ഇത് മഹസറിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. ഇല്ലാത്ത ആരോപണങ്ങള്‍ നടത്തിയ ജയചന്ദ്രന് തന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സക്കീര്‍ ഹുസൈന് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.പി.നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരുത്തുകയാണ്. മാനസിക പിരിമുറുക്കം സഹിക്കാനാവാതെ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ഡയറിയിലെ കുറിപ്പില്‍ പറയുന്നു. പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പെട്ട ബാങ്കിന്റെ ഭരണസമതി അംഗമായിരുന്ന സിയാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
അതേ സമയം മരണത്തില്‍ ആരെയും സംശയമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിയാദിന്റെ ഭാര്യയും മകനും സഹോദരനും പൊലീസിനു മൊഴി നല്‍കിയത്. പ്രളയഫണ്ട് തട്ടിപ്പില്‍ അയ്യനാട് ബാങ്കിലെ അക്കൗണ്ട് ഇവിടുത്തെ വനിത ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സിയാദിന് നടപടികളുമായി ബന്ധമില്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വ്യക്തിപരമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും സാമ്പത്തിക ഇടപാടുകളില്‍ കൃത്യത പുലര്‍ത്തിയിരുന്ന ആളാണ് സിയാദ് എന്നാണു സഹപ്രവര്‍ത്തകരും പൊലീസിനോടു പറഞ്ഞത്.