തിരുവനന്തപുരം: രാജ്യാന്തര തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023 ഒക്ടോബറോടെ തുറമുഖത്തെ ബെർത്ത് ഓപ്പറേഷൻ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ഡിസംബറിൽ വിഴിഞ്ഞത്തെ 220 കെ.വി. സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സും സെപ്റ്റംബറിൽ വർക് ഷോപ്പ് കെട്ടിടങ്ങളും തുറന്നുകൊടുക്കാനാകും. തുറമുഖ നിർമാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവ കടലിൽ നിക്ഷേപിക്കുന്നതിനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്. ഇതിനായി അഞ്ചു ബാർജുകൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
