പി.പി. ചെറിയാന്
ഹാരിസ്കൗണ്ടി: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ആദ്യമായി ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്ന് ഡിസംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചില കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കുവാന്‍ കൗണ്ടി നിര്ബന്ധിതമായിരിക്കയാണെന്നും ജഡ്ജി പറഞ്ഞു.
കോവിഡ് വ്യാപകമാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് അലര്‍ട്ട് ലവല്‍ ഓറഞ്ചിലേക്ക് ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന ലവല്‍ റെഡിനു തൊട്ടു താഴെയാണ് ഓറഞ്ച്. ഹാരിസ് കൗണ്ടിയിലെ എല്ലാ റസ്റ്റോറന്റുകളും താല്‍ക്കാലികമായി അടച്ചിടുമെന്നും ജഡ്ജ് പറഞ്ഞു. ഹൂസ്റ്റണിലെ പല വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി തുടങ്ങി. ഒമിക്രോണ്‍ അതിവേഗമാണ് കൗണ്ടിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ വ്യാപന ശക്തി അതീവ ഗുരുതരമാണ്. മുമ്പുണ്ടായിരുന്ന ഒമിക്രോണ്‍ എണ്ണത്തില്‍ മൂന്നു ദിവസത്തിനകം രണ്ടും മൂന്നും ഇരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

അതേ സമയം ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പരിശോധിച്ച കേസ്സുകളില്‍ 82 ശതമാനവും ഒമിക്രോണാണെന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ വേരിയന്റ് അതിവേഗം അമേരിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കയാണെന്ന് സി.സി.സി.യുടെ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു. വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കുക എന്നതു മാത്രമാണ് ഇതിന് ഏക പ്രതിനിധി എന്നും സി.ഡി.സി. പറയുന്നു.
