മനാമ: ബഹ്റൈനിൽ നടന്ന ആദ്യ ഗൾഫ് ഹെൽത്ത് കെയർ ആൻഡ് സ്പോർട്സ് കോൺഗ്രസ് സമാപിച്ചു. യുവജന, കായിക കാര്യ ഉന്നതാധികാര കൗൺസിൽ ഒന്നാം ഉപാധ്യക്ഷനും സ്പോർട്സ് കൗൺസിൽ ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി തലവനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടന്നത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള വിദഗ്ധർ വിഷയമവതരിപ്പിക്കുകയും അവയെ കേന്ദ്രീകരിച്ച് ചർച്ചയും നിരൂപണവും നടക്കുകയും ചെയ്തു. അവർ 50 ലധികം ഗവേഷണങ്ങളും ശാസ്ത്ര പ്രബന്ധങ്ങളും ചർച്ച ചെയ്തു. ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുന്നത്.
എജ്യുക്കേഷൻപ്ലസുമായി സഹകരിച്ച് മെഡിക്കൽ, സ്പോർട്സ് സ്റ്റാഫുകളുടെയും ബഹ്റൈനിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ബഹ്റൈൻ യൂണിവേഴ്സിറ്റിയാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷ, ആരോഗ്യ, കായിക മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി എന്നിവയുടെ ഉപയോഗം, സ്പോർട്സ് മെഡിസിൻ മേഖലയിലെ എമർജൻസി റെസ്പോൺസ് സിസ്റ്റം, ആരോഗ്യരംഗത്തെ പരിവർത്തനം, ആരോഗ്യരംഗത്ത് നേതാക്കളെയും തീരുമാനമെടുക്കുന്നവരെയും തയ്യാറാക്കൽ, ഗുണമേന്മയ്ക്ക് പുറമെ ആരോഗ്യ സംരക്ഷണത്തിലെ സുരക്ഷ, പുനരധിവാസത്തിലും സ്പോർട്സ് മെഡിസിനിലും നവീകരണം, സ്പോർട്സ് മേഖലയിലെ പോഷകാഹാരം, കായിക സ്ഥാപനങ്ങളുടെ മാനേജ്മെന്റ് തുടങ്ങി ആരോഗ്യ, കായിക മേഖലകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്സിഎച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ്, വിദ്യാഭ്യാസ മന്ത്രിയും ബഹ്റൈൻ യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൾറഹ്മാൻ സാദിഖ് അസ്കർ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരെസ് അൽ കൂഹേജി, ബഹ്റൈൻ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഫുആദ് അൽ അൻസാരി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.