കൊച്ചി: സംവിധായകൻ നജീം കോയ താമസിച്ച ഹോട്ടല്‍മുറിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി.നിയമപരമായ ഒരു പരിശോധനയ്ക്കും തങ്ങൾ എതിരല്ലെന്നും എന്നാൽ എക്സൈസിന്റെ ഇപ്പോഴത്തെ നടപടി സംശയകരമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി സംവിധായകന് നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയത്.’നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ല. എന്നാൽ ഒരാൾ താമസിക്കുന്ന സ്ഥലത്ത് ഇത്രയുംപേർ ഒരുമിച്ചെത്തി ഒരുമുറിമാത്രം പരിശോധിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം 15 നും 20 നും ഇടയ്ക്ക് ആളുകളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിര്‍ത്തിയതിനു ശേഷം ഉദ്യോഗസ്ഥര്‍ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു.
കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥന് പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. രണ്ടു മണിക്കൂര്‍ നീണ്ട റെയ്ഡായിരുന്നു നടന്നത്. അതിനിടെ, കിട്ടിയിട്ടില്ല എന്ന് ഏതോ ഉദ്യോഗസ്ഥനോട് ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നജീമിനോട് ഒരു ഉദ്യോഗസ്ഥന് ചോദിച്ചു, നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ. ഇവിടെയില്ല എന്ന് ഉറപ്പാണോ എന്ന്. നജീമിന്റെ ഉപയോഗത്തിന് പ്രൊഡക്ഷനില്‍ നിന്ന് കൊടുത്ത കാറും ഇവര്‍ പരിശോധിച്ചു സിനിമയിലെ ചെറുപ്പക്കാർ മുഴുവൻ ലഹരിക്ക് അടിമയാണെന്ന പൊതുബോധം രൂപപ്പെട്ടിരിക്കുകയാണ്’-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നജീം കോയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സിനിമാ സെറ്റുകളിൽ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി സിറ്റിപൊലീസ് കമ്മിഷണർ പറഞ്ഞതിനെയും ബി ഉണ്ണികൃഷ്ണൻ വിമർശിച്ചു.’ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ കഴിയും. സിനിമാ മേഖലയെ മുഴുവൻ സമയ നിരീക്ഷണത്തിൽ നിറുത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാസെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ പുറത്തുവിടണം’- അദ്ദേഹം ആവശ്യപ്പെട്ടു.
മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. ‘ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”, എന്നായിരുന്നു ടിനി ടോം പറഞ്ഞത്.