തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം കടന്നുപോകുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് മരുന്ന് വാങ്ങാൻ പോയ യുവാവിനെ പോലീസ് തടഞ്ഞത്. എം.സി റോഡിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിയുന്ന മറ്റൂർ ജംഗ്ഷൻ, കാലടി എന്നിവിടങ്ങളിൽ കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. കോട്ടയം തിരുവഞ്ചൂർ സ്വദേശി എസ് ശരത് ഭാര്യയെ കൊച്ചി വിമാനത്താവളത്തിൽ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാല് വയസുകാരൻ മകന് മരുന്ന് വാങ്ങാനാണ് ഇറങ്ങിയത്. കാർ അവിടെ നിർത്തരുതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മരുന്ന് വാങ്ങി വേഗം പോകാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു കിലോമീറ്ററോളം പോയെങ്കിലും മറ്റൊരു ഫാർമസിയും കാണാതെ ശരത് തിരിച്ചെത്തി സമീപത്തെ ഹോട്ടൽ വളപ്പിൽ കാർ പാർക്ക് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും ആക്രോശിച്ചപ്പോൾ മരുന്ന് കടയുടമ എം.സി.മത്തായി എതിർത്തു. ഇതോടെ കട അടപ്പിക്കുമെന്ന് പോലീസുകാരൻ അറിയിച്ചു. മരുന്ന് വാങ്ങി മടങ്ങിയ ശരത് മുഖ്യമന്ത്രിക്കും ഉന്നത പലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കടകൾക്ക് മുന്നിൽ നിന്നിരുന്ന എല്ലാവരെയും പോലീസ് ഒഴിപ്പിച്ചിരുന്നു. കടയിൽ ചായ കുടിച്ചിരുന്നവരെ പറഞ്ഞ് വിട്ടതായും പരാതിയുണ്ട്. സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും ഒഴിപ്പിച്ചു.