വയനാട്: അട്ടപ്പാടിയിൽ മക്കളോടൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി കാടുകയറിയ യുവാവ് തിരിച്ചെത്തി. അഗളി പൊലീസ് വനത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് അട്ടപ്പാടി ചിറ്റൂർ സ്വദേശി ശ്രീകാന്ത് മൂന്ന് വയസുള്ള കുട്ടിയുമായി മടങ്ങിയെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ശ്രീകാന്ത് രണ്ട് മക്കളുമൊത്ത് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അഞ്ച് വയസുകാരനെ നാട്ടുകാർ സുരക്ഷിതസ്ഥാനത്ത് എത്തിച്ചിരുന്നു.
യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിറ്റൂരിലെ അങ്കണവാടിയിൽ ഇയാൾ എത്തിയത്. അഞ്ചും മൂന്നും വയസ്സുള്ള ഇയാളുടെ കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം ശ്രീകാന്ത് രണ്ട് മക്കളുമൊത്ത് കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വർക്കറും നാട്ടുകാരും ചേർന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. എന്നാൽ ശ്രീകാന്ത് മൂന്ന് വയസുള്ള മറ്റൊരു കുട്ടിയുമായി കാട്ടിലേക്ക് പോയി. ഉച്ചയ്ക്ക് അഗളി അങ്കണവാടിയിൽ എത്തുമ്പോൾ ശ്രീകാന്ത് മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.