
മനാമ: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന വിധിയാണെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ. മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താല്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.
സർക്കാരിനെതിരായ വിമർശനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിൻ്റെ സീൽഡ് കവർ ഭീഷണിയെയും ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി എന്നും പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന നിരീക്ഷണങ്ങളാണ് കോടതിവിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മീഡിയ വൺ നടത്തിയ പോരാട്ടം ഭരണഘടന ഉറപ്പ് നൽകിയ പൗരസ്വാതന്ത്ര്യത്തെ ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന ജനാധിപത്യ പോരാട്ടമായി മാറിയിരിക്കുകയാണ്. സാമൂഹിക നീതിയുടെ കൂടുതൽ കരുത്തുറ്റ ശബ്ദമുയർത്താൻ മീഡിയ വണ്ണിനു സാധിക്കട്ടെ എന്നും പ്രവാസി വെൽഫെയർ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
