തിരുവനന്തപുരം: നിരവധി അഴിമതി ആരോപണമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സി.ബി.ഐയും എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും ജയിലിൽ അടയ്ക്കാത്തതെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിവാദ ചോദ്യത്തിന് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് ഇ പി ജയരാജൻ ചോദിച്ചു.
രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.’സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി.
ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. രാഹുൽ ഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായി. എസി ബസിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാത്തത്. രാഹുൽ ആദ്യം ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണ്. ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്’, ഇ പി ജയരാജൻ പറഞ്ഞു.