ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണ കോടതയിക്ക് പരിശോധിക്കാമെന്ന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി റദ്ദാക്കിയ കേസിലെ രേഖകളും തെളിവുകളും വിചാരണ കോടതിയ്ക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തി എന്നതായിരുന്നു ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയാണ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കിയത്.
പ്രധാനകേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിക്കെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് അസാധാരണമായ സംഭവമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇഡിയ്ക്കെതിരെ അന്വേഷണം നടത്താൻ വിചാരണ കോടതിയെ അനുമതി നൽകുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹർജിയിൽ വ്യക്തമാക്കുന്നു.