തിരുവനന്തപുരം: യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടതിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമെന്ന് ആരോപണം. മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവയുമായി യു.ഡി.എഫ് ഇത്തവണ പ്രാദേശിക തലത്തിൽ നീക്കുപോക്ക് നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിൻറെ പരമ്പരാഗത വോട്ടു ബാങ്കുകളായി അറിയപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളെ അകറ്റാൻ ഇത് കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഈ നീക്കു പോക്ക് ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയത് പത്തനംതിട്ട ജില്ലയിലാണെന്നാണ് പ്രദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ. മാണിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായിട്ടും പത്തനംതിട്ടയിൽ യു.ഡി.എഫിനെ അടിതെറ്റിച്ചത് തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഇത്തരം സംഘടനകളുമായുള്ള നീക്കു പോക്കാണെന്നും ഇവർ പറയുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അതേസമയം യു.ഡി.എഫ് ബന്ധത്തിലൂടെ മികച്ച നേട്ടമാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 2015-ൽ 47 സീറ്റ് മാത്രം ഉണ്ടായിരുന്ന എസ്.ഡി.പി.ഐ ഇക്കുറി നൂറിലധികം സീറ്റുകളിലാണ് വിജയിച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളിലും വന്‍ മുന്നേറ്റമാണ് അവർ നടത്തിയത്. കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് പിന്തുണയിൽ അക്കൗണ്ട് തുറക്കാനായതും വെൽഫെയർ പാർട്ടിക്ക് നേട്ടമാണ്. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ജില്ലകളിലായി നാൽപ്പതിലധികം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളാണ് യു.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക ധാരണ സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ക്കിടയിലും അഭിപ്രായഭിന്നത പ്രകടമായിരുന്നു. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫിന് നഷ്ടമൊന്നും ഇല്ലായെങ്കിലും ഉറച്ച കോട്ടകളിലെ പരാജയം നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്.