തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാല് വില്‍പ്പന നിരുത്സാഹപ്പെടുത്തി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പാല് ജനങ്ങളില്‍ എത്തിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം യൂണിയന് ഓണക്കാലത്ത് ആവിഷ്കരിച്ച ‘മില്‍മ ഐശ്വര്യോത്സവം പദ്ധതിയുടെ സമ്മാനവിതരണം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല് പൂര്‍ണമായും സംഭരിക്കുന്നതിനോടൊപ്പം കാലോചിതമായ ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തി മില്‍മയുടെ വിപണന ശ്യംഖല ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ തിരുവനന്തപുരം യൂണിയന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. മില്‍മയോടൊപ്പം എന്നും നിലകൊള്ളുകയും മില്‍മ പാല് ഉപഭോക്താക്കള്‍ക്ക് എത്തിച്ച് ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ച അംഗീകൃത ഏജന്‍സികള്‍ക്കായി മില്‍മ തിരുവനന്തപുരം യൂണിയന് ആവിഷ്കരിച്ച പദ്ധതിയാണ് ‘മില്‍മ ഐശ്വര്യോത്സവം’. പദ്ധതിയുടെ ഭാഗമായി ഓരോ യൂണിറ്റിലും 2021 ആഗസ്റ്റ് മാസത്തില്‍ പാല് വില്‍പ്പനയില്‍ വര്‍ദ്ധനവ് നേടിയ ഏജന്‍സികളെ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 52 ഏജന്‍സികള്‍ക്ക് 4,71,677 രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
ക്ഷീര മേഖലയിലെ പ്രമുഖ ബ്രാന്‍ഡായി മില്‍മയെ വളര്‍ത്തിയെടുക്കാനായതില്‍ ഏജന്റുമാരുടെ സേവനം വിലപ്പെട്ടതാണ്. തിരുവനന്തപുരം, മലബാര്‍, എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയനുകളുടെ മികവാര്‍ന്ന പദ്ധതികളിലൂടേയും പ്രോത്സാഹന പരിപാടികളിലൂടേയും മില്‍മയെ റെക്കോര്‍ഡ് വില്‍പ്പനയിലെത്തിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

മില്‍മയ്ക്ക് നാല്പതോളം ഉല്‍പ്പന്നങ്ങള്‍ നിലവിലുണ്ട്. ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് കയറ്റി അയക്കുന്ന സാഹചര്യവുമുണ്ട്. കാലിത്തീറ്റയ്ക്ക് അനുവദിച്ച ഇളവ് പുതുവത്സര സമ്മാനമായി ജനുവരി 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലാ യൂണിയന് പ്രതിദിനം ശരാശരി അറുപത്തിഅയ്യായിരം ലിറ്റര്‍ പാല് അധികമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മില്‍മ മലപ്പുറത്ത് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണം എട്ടുമാസത്തിനകം പൂര്‍ത്തിയാകും. മില്‍മയുടെ ലാഭത്തിന്റെ എണ്‍പതുശതമാനം തുകയും സഹകരണ ക്ഷീര സംഘങ്ങള്‍ക്കാണ് ചെലവിടുന്നത്. ഇനിയും ബൂത്തുകള്‍ ആരംഭിച്ച് മില്‍മയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഏജന്റുമാര്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ തിരുവനന്തപുരം യൂണിയന് നാലുജില്ലകളിലായി പ്രതിദിനം മുപ്പതിനായിരം ലിറ്റര്‍ പാല് അധിക വില്‍പ്പന നടത്തുന്നുണ്ടെന്ന് അദ്ധ്യക്ഷനായിരുന്ന തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന് അറിയിച്ചു. പാല് വിലയില്‍ വ്യത്യാസം വരുമ്പോള്‍ കമ്മീഷന് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പരിഗണനയുണ്ടാകും. ഐശ്വര്യോത്സവത്തിന് ഒരു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃ സംതൃപ്തിയിലൂടെ ക്ഷീര കര്‍ഷകരുടെ സമ്പല്‍സമൃദ്ധി എന്നതാണ് മില്‍മയുടെ നയമെന്ന് തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന് മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട പറഞ്ഞു. 1200 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷം തിരുവനന്തപുരം മേഖലാ യൂണിയന് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ ആര് മോഹനന് പിള്ള സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് മാനേജര്‍ ജയ രാഘവന് (മാര്‍ക്കറ്റിംഗ്) തുടങ്ങിയവര്‍ പങ്കെടുത്തു.
മില്‍മ ഏജന്‍സികള്‍ക്ക് 2021 ആഗസ്റ്റ് മാസത്തെ പാലിന്റെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ഇന്‍സെന്റീവ് കമ്മീഷനും പ്രതിദിനം കുറഞ്ഞത് 600 കവര്‍ പാല് എങ്കിലും 2021 ആഗസ്റ്റ് മാസത്തില്‍ വാങ്ങിയ ഏജന്‍സികള്‍ക്ക് 200 രൂപ വീതവും ഓണക്കാല ഇന്‍സെന്റീവായി നല്‍കിയിരുന്നു. ആകെ 51,74,943 രൂപയാണ് ഇന്‍സെന്റീവായി മില്‍മ ഏജന്‍സികള്‍ക്ക് നല്‍കിയത്.
2021 ആഗസ്റ്റ് മാസത്തില്‍ പാലിന്റെ വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനം വില്‍പ്പന വര്‍ദ്ധനവ് നേടിക്കൊണ്ട് ഐശ്വര്യോത്സവം പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ സാധിച്ചു.
