
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ ആദ്യമായാണ് വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിച്ചുവരുത്തുന്നത്.
വീണാ വിജയന് പുറമെ കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL)യുമായി ബന്ധപ്പെട്ട എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ലഭിച്ച വിശദീകരണങ്ങളിൽ വ്യക്തതക്കുറവുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇഡിയുടെ പുതിയ നടപടി.
മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎൽ അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രേഖകളും മൊഴികളും ഇതിനോടകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് യാതൊരു സേവനവും ലഭിക്കാതെയാണ് സിഎംആർഎൽ പണം നൽകിയതെന്നാണ് പ്രധാന ആരോപണം. ഈ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വ്യക്തികളെ ചോദ്യം ചെയ്യാനും രേഖകൾ പരിശോധിക്കാനും ഇഡി തയ്യാറെടുക്കുന്നതായാണ് സൂചന. കേസിലെ പുതിയ നീക്കങ്ങൾ സംസ്ഥാന രാഷ്ട്രീയ രംഗത്തും ശ്രദ്ധ നേടുകയാണ്.


