തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കാരക്കോണം മെഡിക്കൽ കോളേജ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബിഷപ്പ് ധർമ്മരാജ് റസാലം, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീൺ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി കേസെടുത്തിരുന്നു. സഭാ ആസ്ഥാനത്തിന് പുറമെ മൂന്നിടങ്ങളിൽ കൂടി ഇ.ഡി പരിശോധന നടത്തി.
കാരക്കോണം മെഡിക്കൽ കോളേജ് സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്ടിലും കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഇ.ഡി സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി.
13 മണിക്കൂറോളം പരിശോധന നടത്തി. അതേസമയം, ഇഡി നടപടിക്കിടെ സഭാ ആസ്ഥാനത്ത് പ്രതിഷേധം ഉയർന്നിരുന്നു. ബിഷപ്പിനെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്തവർ നേര്‍ക്കുനേരായിരുന്നു പ്രതിഷേധം. പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയതായി സഭാപ്രതിനിധി അറിയിച്ചു. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സഭാ പ്രതിനിധി റവ. ജയരാജ് പറഞ്ഞു.