ന്യൂഡൽഹി: ദോക്ലായിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടി ആറ് വർഷം പിന്നിടുമ്പോൾ ഇന്ത്യയെ ആശങ്കയിലാഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ലോതയ് ഷെറിങിൻ്റെ പരാമർശം. ദോക്ലാ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ബീജിംഗിനും തുല്യ അവകാശമുണ്ടെന്ന് ഷെറിങ് പറഞ്ഞു.
ഭൂട്ടാന് മാത്രമായി ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഞങ്ങൾ മൂന്നു പേരുണ്ട്. ചെറിയ രാജ്യമാണോ വലിയ രാജ്യമാണോ എന്നത് പ്രശ്നമല്ല. മൂന്നും ഒരേ പോലുള്ള രാജ്യമാണ്. ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. മറ്റ് രണ്ട് രാജ്യങ്ങൾ കൂടി തയ്യാറായാൽ മതിയെന്നാണ് ഷെറിങ് വ്യക്തമാക്കിയത്.
ഇന്ത്യയുടെ സിക്കിം, ഭൂട്ടാൻ്റെ ഹാ ഡിസ്ട്രിക്ട്, ചൈനയുടെ ചുംബി താഴ്വര എന്നിവയ്ക്കിടയിലുള്ള ഉയർന്ന പ്രദേശമാണ് ദോക്ലാ. പ്രദേശം ഇപ്പോൾ ചൈനയുടെ കൈകളിലാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ചൈന ഈ പ്രദേശം അവകാശപ്പെടുമ്പോൾ, ദോക്ലാം ഇന്ത്യയുടെ സിലിഗുരി ഇടനാഴിക്ക് (വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി) അടുത്താണ് എന്നതാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്.