കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവില ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാകൂ. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.