ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിലെ വിവാദ വാക്കൗട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ പണി. ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിന് ഏഴ് കോടി വരെ പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ സുനിൽ ഛേത്രി ഗോൾ നേടിയത് റഫറിയുടെ തെറ്റായ തീരുമാനം കൊണ്ടാണെന്ന ആരോപണമുയർത്തിയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടത്. ഈ സാഹചര്യത്തിൽ, കുറഞ്ഞത് 6 ലക്ഷം രൂപ പിഴ, പോയിന്റ് വെട്ടിക്കുറയ്ക്കൽ, ടൂർണമെന്റിൽ നിന്ന് അയോഗ്യത എന്നിവയാണ് പിഴ. എന്നിരുന്നാലും, ബ്ലാസ്റ്റേഴ്സിൻ്റെ പോയിന്റ് വെട്ടിക്കുറയ്ക്കുകയോ ഐഎസ്എല്ലിൽ നിന്ന് വിലക്കുകയോ ചെയ്യില്ലെന്നാണ് സൂചന. അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ 5 മുതൽ 7 കോടി വരെ പിഴ ചുമത്താനാണ് നീക്കം.
അച്ചടക്ക ലംഘനത്തിന് ഒരു ടീമിന് ഫെഡറേഷൻ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ പ്രത്യേക നടപടിയുണ്ടാകും. ഇവാനെ വിലക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സൂചന.