കൊച്ചി: നടൻ ദിലീപ് കോടതിയിൽ സമർപ്പിച്ച ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയിൽ വെച്ച് തന്നെ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബുകളിൽ പരിശോധനയ്ക്ക് അയക്കനാണ് മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചിരിക്കുന്നത്.
പ്രതിഭാഗം ഫോണുകൾ കോടതിയിൽ വെച്ച് തുറക്കേണ്ടന്ന നിലപാട് സ്വീകരിച്ചിരുന്നു. ഈ നിലപാടാണ് കോടതി അംഗീകരിച്ചത്. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ പരിശോധിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ആവശ്യമാണ് കോടതി തള്ളിയത്. അതെ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് കേസിൽ കൂടുതൽ തെളിവുകൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ആറ് ദിവസങ്ങൾക്ക് ശേഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോടതി ഉത്തരവിനെ തുടർന്ന് സമർപ്പിച്ച ഫോണുകളിലെ ചാറ്റുകള്‍, കോളുകൾ എന്നിവയുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാണ് ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുന്നത്.
