കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന മലയാള സിനിമാ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് വിവരം. 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ഈ പവർ ഗ്രൂപ്പാണ്. ദിലീപിന്റെ ഇടപെടൽ കാരണം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ലുസിസി പ്രവർത്തകരെ ഒതുക്കാൻ ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘അമ്മ’ ഉൾപ്പെടെ മലയാള സിനിമയിലെ പല സംഘടനകളും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു എന്നാണ് വിവരം. സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത് ദിലീപാണ്. നടിയെ ആക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെ ബി ഗണേശ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ദിലീപിനൊപ്പം ചേർന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകനും നായികയും ആരാകണം എന്നീ കാര്യങ്ങൾ നിയന്ത്രിച്ചത് ദിലീപാണ്. നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ റിലീസ് ചെയ്യുന്നതും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു.
സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് ശേഷം പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തുന്നതും ദിലീപാണ്. സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ദിലീപ് ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നൽകിയിട്ടുണ്ട്. ഇടവേള ബാബു പൊലീസിന് നൽകിയ മൊഴിയിൽ ഇത് പറഞ്ഞിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടും അമ്മ ഇത് പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെയും ഡബ്ലുസിസി അംഗങ്ങളെയും പൂർണമായും മാറ്റിനിർത്തി.
പവർ ഗ്രൂപ്പിലുള്ളവരെ ചെറിയ രീതിയിൽ എതിർത്താൽ പോലും അവർ വിലക്ക് നേരിടേണ്ടി വരും. പവർ ഗ്രൂപ്പിലുള്ളവർക്ക് അപ്രിയം തോന്നുന്നവരെയും വിലക്കും. ഇങ്ങനെ പവർഗ്രൂപ്പിലുള്ളവർ പലരെയും സിനിമയിൽ നിന്ന് വിലക്കുകയാണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.