കൊച്ചി: അറബിക്കടലില്‍ 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍, കസ്റ്റഡിയിലെടുത്ത പാകിസ്ഥാന് കപ്പല്‍ ലക്ഷദ്വീപും ശ്രീലങ്കയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ സംഘം. നാവികസേന പിന്തുടര്‍ന്നതോടെ 12 നോട്ടിക്കല്‍ മൈല്‍ സമുദ്രപരിധിയിലുള്ള ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയ്ക്കു പുറത്തേക്കു കപ്പല്‍ കൊണ്ടുപോകാനാണ് സംഘം ആദ്യം ശ്രമിച്ചത്.
ഇതു വിജയിക്കാതെ വന്നതോടെ, ശ്രീലങ്കയുടെ പതാക വ്യാജമായി സ്ഥാപിച്ചു. എന്നാല്‍, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കപ്പല്‍ മുക്കിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. 2500 കിലോ രാസലഹരിയാണ് എന്‍സിബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.
ഇന്ത്യൻ നാവിക സേനയുടെ സഹകരണത്തോടെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആരംഭിച്ച ‘ഓപ്പറേഷൻ സമുദ്രഗുപ്ത’ യ്ക്കിടെയാണ് വൻ ലഹരിമരുന്നുമായി പാക് ബോട്ട് പിടികൂടുന്നത്. പാക് ലഹരിസംഘമായ ഹാജി സലിം നെറ്റ് വർക്ക് ആണ് ഇന്ത്യൻ സമുദ്രമേഖലയിലൂടെ ലഹരി കടത്തിയതെന്ന് എൻസിബി കണ്ടെത്തിയിരുന്നു. ബോട്ടിൽ നിന്നും പാക് പൗരനായ സുബൈറിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം ഇയാൾ പാകിസ്ഥാൻകാരനല്ല, ഇറാൻകാരനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ സുബൈർ പാകിസ്ഥാൻ കാരനാണെന്നാണ് വ്യക്തമായതെന്ന് എൻസിബി പറഞ്ഞു. ഇറാൻ സ്വദേശിയാണെന്ന് പറയുന്നത് അന്വേഷണം വഴിതെറ്റിക്കാനാണ്. ഇയാളുടെ കയ്യിൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ല. ഇയാൾ മുമ്പും ലഹരി കടത്തിയിട്ടുണ്ടെന്നാണ് വ്യക്തമായതെന്നും എൻസിബി പറഞ്ഞു. പാക് ബോട്ടിൽ നിന്നും സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടവരെ കണ്ടെത്താനും ശ്രമം ഊർജ്ജിതമാക്കി. പിടിയിലായ സുബൈറിനെ എൻഐഎ, റോ, ഐബി എന്നിവയും ചോദ്യം ചെയ്യുന്നുണ്ട്.