തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. പൊതുഭരണ സെക്രട്ടറി ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാൻ നേരത്തെ ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനവും പര്യാപ്തമല്ലാത്തതിനാലാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലിസ്ഥലം വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടുവരുന്നത്.
ആദ്യ 2 മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് അവരുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഓഫീസിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയൂ. ഓരോ ഉദ്യോഗസ്ഥനും വ്യത്യസ്ത കാർഡ് നൽകുന്നതിനാൽ പോകുന്ന സമയവും മടങ്ങുന്ന സമയവും ഡിജിറ്റൽ സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തും. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ സംഘടനകൾ എതിർപ്പ് ഉയർത്തുന്നതിനിടെ ആണ് പുതിയ പരിഷ്കാരം.