തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാലര ലക്ഷത്തോളം പേര്‍ക്ക് മാസങ്ങളായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ജനവിരുദ്ധ സമീപനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നത് ഒക്ടോബര്‍ 13- ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് നടത്താന്‍ ഒരവസരം കൂടി നല്‍കുമെന്നാണ് അന്ന് ധനമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് വൈകിപ്പിക്കുന്നത് നിയമസഭയില്‍ ധനമന്ത്രി നല്കിയ ഉറപ്പിന്റെ ലംഘനമാണ്.
നേരത്തെ പെന്ഷന് പട്ടികയില്‍ ഉണ്ടായിരുന്ന 3.42 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരും 1.07 ലക്ഷം ക്ഷേമ പെന്ഷന്കാരുമാണു മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പുറത്തായത്. 2019 ഡിസംബര്‍ മുതലാണ് ഇവരുടെ പെന്ഷന് മുടങ്ങിയത്. കേവിഡ് വ്യാപനത്തെ തുടര്‍ന്ന് മസ്റ്ററിങ് നിര്‍ത്തിവച്ചതാണ് പലരെയും പ്രതിസന്ധിയിലാക്കിയത്. മസ്റ്ററിങ് ചെയ്യാത്തവര്‍ സേവന എന്ന വെബ്സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ പെന്ഷന് നല്‍കുമായിരുന്നു. എന്നാല്‍ ആ വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാത്ത ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള അവസരം അടിയന്തിരമായി നല്‍കാനും പെന്‍ഷനും പെന്ഷന് കുടിശികയും സമയബന്ധിതമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.