
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം, ഉമറിന്റെ ബന്ധുവെന്നാണ് വിവരം. ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കൂടി കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ച് നാലാമത്തെ കാറിനായി തെരച്ചിൽ നടന്നുവരികയാണ്. അതിനിടെ, ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു.


