പത്തനംതിട്ട: പൂങ്കാവിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാർക്കു നേരെ മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് പ്രമാടം സ്വദേശി കെ.എസ് ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തി. പമ്പിൽ വൈദ്യുതി നിലച്ചതിനാൽ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു. ജനറേറ്റർ ഓണാക്കാൻ രണ്ട് മിനിറ്റ് എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്.
ആദ്യം, ഒരു ജീവനക്കാരനെ തള്ളിയിട്ടു. ഇതുകണ്ട് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മാനേജരുടെ തലയ്ക്കടിച്ചു. മറ്റൊരാളെ നിലത്തേക്കിട്ട് ചവിട്ടി. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും അക്രമികൾ തിരിഞ്ഞു. ഇതിനിടെ പമ്പുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെ.എസ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ചതിൻ്റെ പൈസ ചോദിച്ചതിന് തട്ടുകട ഉടമയെ മർദ്ദിച്ച കേസിലും ആരോമൽ പ്രതിയാണ്. പൂങ്കാവ്, പ്രമാടം എന്നിവിടങ്ങളിൽ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.