
പത്തനംതിട്ട: പത്തനംതിട്ട നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പളക്കുടിശ്ശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. ചുവപ്പുനാടയിൽ കുടുങ്ങിയ ശമ്പള കുടിശ്ശിക ഒടുവിൽ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും. അധ്യാപികയുടെ ഭർത്താവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജോലിയിൽ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
ഒരു മകനാണ് ഷിജോയ്ക്കുള്ളത്. ഈറോഡിൽ എഞ്ചിനീയറിങ്ങിനുള്ള അഡ്മിഷൻ സമയമായിരുന്നു. ഭാര്യയുടെ ശമ്പള കുടിശ്ശിക കിട്ടുമ്പോൾ അതിന് വിനിയോഗിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായി. മാത്രമല്ല കൃഷിവകുപ്പിന് കീഴിൽ വിഎഫ്പിസികെ യിലെ ഫീൽഡ് സ്റ്റാഫായിരുന്നു ഷിജോ. അവിടെയും ശമ്പളം കിട്ടാനുണ്ടെന്ന് കുടുംബം പറയുന്നു. തുടര്ന്നാണ് ഷിജോ ജീവനൊടുക്കിയത്.
