ന്യൂഡൽഹി: കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. സർവീസ് തീരുമാനം സാധാരണ രീതിയിലാണെന്ന മറുപടിയാണ് റെയിൽവേ മന്ത്രി പറയുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ റെയിൽവേ ബോർഡ് തമിഴ്നാടിനെയും കേരളത്തെയും അവഗണിക്കുകയാണെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പാർലമെന്റിൽ മന്ത്രി നൽകിയ മറുപടി.
ആകെ 10 ശുപാർശകളാണ് ദക്ഷിണ റെയിൽവേ മുന്നോട്ടുവെച്ചത്. 5 പുതിയ ട്രെയിനുകൾ ആരംഭിക്കാനും 5 ട്രെയിനുകൾ നീട്ടാനും. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അടൂർ പ്രകാശിന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. പ്രയോഗികത, സാങ്കേതിക സാധ്യതകൾ, കോച്ചുകളുടെയും യന്ത്രഭാഗങ്ങളുടെയും ലഭ്യത എന്നിവ ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും റെയിൽവേ മന്ത്രിയുടെ മറുപടിയിലുണ്ട്.