തിരുവനന്തപുരം: കൂത്താട്ടുകുളം സ്ത്രീയെ തട്ടിക്കൊണ്ടുപോയ ഗുരുതരമായ കുറ്റത്തെ കൂറുമാറ്റമായി വിലകുറച്ച് കാണുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ടുപോകുമോ?. സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം നടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. ക്രിമിനലുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് കൗരവസഭയെപ്പോലെയാണ്. ഭരണപക്ഷം അഭിനവദുശ്ശാസനന്മാരായി മാറുന്നു. കാലുമാറിയവരെ കൂറുമാറ്റ നിയമം വഴി നേരിടണം. അല്ലാതെ ചുമന്നുകൊണ്ടുപോകണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഡി സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളം വെച്ച് തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിഡി സതീശന് ക്ഷുഭിതനായി.
ഇത്തരത്തില്‍ ബഹളം ഉണ്ടാക്കിയാല്‍ പ്രസംഗം തുടരാനാകില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കയ്യിലുണ്ടായിരുന്ന പേപ്പര്‍ സഭയില്‍ വലിച്ചെറിഞ്ഞു. ഇത് തെമ്മാടിത്തരമാണ്, എന്തും ചെയ്യാമെന്നാണോ എന്നും വിഡി സതീശന് അഭിപ്രായപ്പെട്ടു. അങ്ങ് സീനീയറല്ലേ, പ്രകോപിതനാകരുതെന്ന് സ്പീക്കര്‍ വിഡി സതീശനോട് പറഞ്ഞു. ബഹളമുണ്ടാക്കുന്ന ഭരണപക്ഷത്തെ നിയന്ത്രിക്കൂ, അല്ലാതെ തന്നെ പക്വത പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഹളം വെച്ച കാനത്തില്‍ ജമീല എംഎല്‍എയെ സ്പീക്കര്‍ ശാസിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.