
മനാമ: സൗദി-ബഹ്റൈന്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ കമ്മിറ്റികളുടെ പ്രതിനിധികള്‍ക്കായുള്ള ശില്പശാല മനാമയില്‍ തുടങ്ങി. അടുത്ത രണ്ടു ദിവസങ്ങളിലും ശില്പശാല തുടരും.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫ സെഷന് ഉദ്ഘാടനം ചെയ്തു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കമ്മിറ്റി ഇംപ്ലിമെന്റേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അബബ്തൈനും ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന മൂന്നാമത് കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ ഫലങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും സമിതികള്‍ക്ക് ശില്പശാല അവസരമൊരുക്കുന്നതായി ശൈഖ് അബ്ദുല്ല ബിന്‍ അലി പറഞ്ഞു. ശില്പശാലയ്ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിച്ചതില്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അഭിനന്ദനമറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ടത്തിനായുള്ള പദ്ധതികള്‍ ശില്പശാലയില് വിശദീകരിച്ചു.
