കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് റിമാന്‍ഡില്‍. കൊല്ലം സ്വദേശി ടോം തോമസ് (24), കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി (25) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

ഫെബിന് റാഫി ശനിയാഴ്ച വൈകിട്ട് ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പിടിയിലായി. വെള്ളിമാട്കുന്ന് ലോകോളേജിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ലോക്കപ്പിനോട് ചേര്‍ന്ന് വനിതാ പൊലീസിനായി വിശ്രമമുറിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇതിനോട് ചേര്‍ന്ന് നിന്ന ഫെബിന് നിര്‍മാണം പകുതിയായ ഭിത്തിക്ക് മുകളിലൂടെ എടുത്ത് ചാടുകയായിരുന്നു.

ബംഗളൂരുവില്‍ ട്രെയിനിറങ്ങിയ പെണ്‍കുട്ടികളെ പിന്തുടര്ന്ന് ഹോട്ടലില്‍ എത്തിച്ചെന്നും മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവാക്കള്‍ക്കെതിരായ കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.