തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ അഭിഭാഷകൻ ബി.എൻ ഹസ്കറിന് വക്കീൽ നോട്ടീസ് അയച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ഹസ്കറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നോട് ചോദിച്ചതുപോലെ പണമൊന്നും വേണ്ടെന്നും ആരെയും അപമാനിക്കാനും അധിക്ഷേപിക്കാനുമുള്ള ലൈസൻസാണെന്ന് കരുതുന്നവർക്കുള്ള താക്കീത് മാത്രമാണിതെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.