ജമ്മു കശ്മീരില്‍ സൈനിക കസ്റ്റഡിയില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കരസേന. ബ്രിഗേഡിയറടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. രജൗറി സെക്ടറില്‍ ആറാംദിനവും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരവേ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ദൗത്യമേഖലകളിലെത്തി സ്ഥിതി വിലയിരുത്തി. സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ബ്രിഗേഡിയര്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ റൈഫിള്‍സിലെ മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ട്. സംഭവത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പൂഞ്ച് ജില്ലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് നാട്ടുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൂഞ്ചിലും രജൗറിയിലും ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കരേസന മേധാവി ജനറല്‍ മനോജ് പാണ്ഡെ ജമ്മു കശ്മീരിലെത്തിയത്. സുരാന്കോട്ടിലും രജൗറിയിലും ഭീകരര്‍ക്കെതിരെ നടക്കുന്ന ഓപ്പറേഷനുകളുടെ പുരോഗതി കരേസന മേധാവി വിലയിരുത്തി. പൂഞ്ചിലെ ദേരാ കി ഖലിയില്‍ വീരമൃത്യുവരിച്ച നാല് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലെത്തിച്ചു.
രണ്ട് സൈനിക വാഹനങ്ങള്‍ക്കുനേരെ വ്യാഴാഴ്ചയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കനത്ത ശൈത്യത്തിലും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരോട് ആദരവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.