കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുമ്പോൾ കൈകാണിച്ചിട്ടും മനോഹരൻ നിർത്തിയില്ല. തുടർന്നാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.