
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഈ മാസം 15-16ന് ശേഷം വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കാലവർഷം ഹിമാലയൻ മേഖലയിൽ സജീവമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിനു മുന്നോടിയയുള്ള ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടി മിന്നലും മഴയും തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
നിലവിലെ സൂചന പ്രകാരം ന്യൂനമർദ്ദത്തിന് കൂടുതൽ സാധ്യത 15നോ 16നോ ശേഷമായിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി നാളെയോടെ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദദ്ധൻ രാജീവ് എരിക്കുളം പറഞ്ഞു. കേരളത്തിൽ ഒറ്റപ്പെട്ട ഇടി മിന്നൽ മഴ തുടരുമെന്നും, നിലവിലെ സൂചന പ്രകാരം ഓഗസ്റ്റ് 15ന് ശേഷം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
