തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
അതേസമയം, നിയമസഭാ സ്തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം സംസാരിച്ചേക്കും. വി ഡി സതീശനുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സമവായം ആയില്ലെങ്കിൽ സഭ നാളെയും സുഗമമായി നടക്കാൻ സാധ്യതയില്ല.