
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഷാഫി പറമ്പിലിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


