കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. കൊവിഡ് ഇടവേളയ്ക്കുശേഷം സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ രണ്ടാം ദിവസത്തെ ആഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്.മൂവായിരത്തിലേറെപ്പേർ ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. വേദി താഴെയും ഇരിപ്പിടങ്ങൾ മുകളിലേക്ക് ഗ്യാലറിയായും ക്രമീകരിച്ചിട്ടുള്ള തുറന്ന ഓഡിറ്റോറിയത്തിലുണ്ടായ ദുരന്തത്തിൽ കുഴിയിലകപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടികളെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കേൾക്കാൻ വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തിയിരുന്നു. റോഡ് നിരപ്പിൽ നിന്ന് താഴെയാണ് ഓഡിറ്റോറിയം. ഗാനമേള തുടങ്ങും മുമ്പ് ഗേറ്റുകൾ അടച്ചിരുന്നു.
മഴ പെയ്തപ്പോൾ പുറത്തു നിന്നവർ അകത്തേക്ക് കടക്കാൻ കൂട്ടമായി ശ്രമിച്ചതോടെ ഗേറ്റ് തകർന്നു. ഇറക്കമായതിനാൽ മുന്നിലുണ്ടായിരുന്ന നൂറുകണക്കിന് പേർ വീണു, ഇവരുടെ മുകളിലേക്ക് പിന്നിലുണ്ടായിരുന്നവരും വീണ് താഴേക്ക് ഉരുണ്ടു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് താഴേക്ക് വീണത്. മുന്നിലുള്ളവർ വീണത് പിന്നിലുള്ളവർ അറിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. മരിച്ചവർക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരിക അവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. എല്ലാ ഡിപ്പാർട്ട്മെന്റിലെയും വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നു.ക്യാമ്പസിനകത്ത് ആയതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കാൻ വാഹനങ്ങൾ കിട്ടാൻ വൈകി. പുറത്തെ വഴികളിലൂടെ വന്ന വാഹനങ്ങൾ വിളിച്ചു വരുത്തി വിദ്യാർത്ഥികൾ തന്നെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സമീപത്തെ മെഡിക്കൽ കോളേജിലേക്ക് പരിക്കേറ്റവരെ എത്തിച്ചു. അവിടെ എത്തും മുമ്പേ നാലുപേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.