കാസര്‍കോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തില്‍ മുന്‍പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തില്‍ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികള്‍ സ്ഥിരീകരിക്കുന്നത്.
കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തില്‍ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ മുതലയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ കുളത്തിനുള്ളിലെ മടയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു . മുന്‍പ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് .
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസര്‍കോട്ടെ അനന്തപുരം ക്ഷേത്രം. കുമ്പളയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തോളം പ്രസിദ്ധമായിരുന്നു തടാകത്തിലുണ്ടായിരുന്ന മുതലയും.
അവിടെ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്കുന്ന നിവേദ്യമായിരുന്നു ബബിയയുടെ ആഹാരം. പൂര്‍ണ്ണമായും പൂജയ്ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നല്‍കുന്നതായിരുന്നു പതിവ്. കുളത്തിലെ മറ്റ് മത്സ്യങ്ങളെ ഒന്നും തന്നെ ബബിയ ഉപദ്രവിക്കാറില്ലായിരുന്നു. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നതായിരുന്നു .
മുതലയ്ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായിരുന്നു. ഇഷ്ടകാര്യസിദ്ധിക്കാണ് ഭക്തര്‍ സാധാരണയായി ഈ വഴിപാട് നടത്തിയിരുന്നത്.