കൊച്ചി : ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലെ വീട്ടില് ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടലുടമയാണ് ശരത്. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ദിലീപിന്റെ വളരെ അടുത്ത സുഹൃത്താണ് ശരത്. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ശരതിന്റെ പേരും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ചിരുന്നു.
അതേസമയം ശരത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ആരാണ് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ശരത്തിന്റെ വീട്ടിൽ സംഘം റെയ്ഡ് നടത്തുന്നത്. ആ വിഐപി ശരത്താണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശരത് ഹർജി നൽകിയിരിക്കുന്നത്.