തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം. സമൂഹത്തെ വർഗീയമായി ചേരിതിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി പറഞ്ഞു. വർഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോഴും തർക്കങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താഴേത്തട്ടിൽ കുറേ ആളുകളെ നിയമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്. ഉൾപാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടി എങ്ങനെ മുന്നോട്ട് പോകും? ദേശീയ തലത്തിൽ സെമി കേഡർ സംവിധാനമില്ല. പിന്നെങ്ങിനെയാണ് കേരളത്തിൽ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. സെപ്തംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങും. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിക്ക് കുറച്ചുകൂടി യുവത്വം ഉണ്ടാകണം. സ്ത്രീപക്ഷ സമീപനം സമ്മേളനങ്ങളിൽ ഉണ്ടാകും. അമ്പലപ്പുഴ യിലെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ അതിന്റെ വഴിക്ക് പരിഗണിക്കും. പാർട്ടിക്ക് അതിന്റേതായ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.