മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. “ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം”- കോടതി വ്യക്തമാക്കി. ഗാനരചയിതാവ് ജാവേദ് അക്തർ നല്കിയ അപകീര്‍ത്തി കേസിലാണ് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയുടെ പരാമര്‍ശം.
കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹരജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കങ്കണ അറിയിച്ചത്. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി. കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകിയത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമര്‍ശം തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.