കണ്ണൂർ: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജയിൽ ശിക്ഷ വിധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കേന്ദ്ര സർക്കാർ കോടതികളെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യരുതെന്ന് ജയരാജൻ പറഞ്ഞു. വിധിയും പശ്ചാത്തലവും നോക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉയരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
ഇന്ത്യൻ പാർലമെന്റിൽ എത്തേണ്ട ഒരു പ്രമുഖ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. അത്തരമൊരു നേതാവിനോട് കാണിക്കേണ്ട സാമാന്യ നീതിയല്ല ബി.ജെ.പി സർക്കാരിൽ നിന്നുണ്ടായത്. ഈ വിധിയും പശ്ചാത്തലവും അന്വേഷിക്കുമ്പോൾ ജനങ്ങൾക്ക് ഒട്ടേറെ സംശയങ്ങളാണ്.
രാഷ്ട്രീയ പകപോക്കലിനും അഭിപ്രായവ്യത്യാസങ്ങൾക്കും കോടതിയെയോ ഭരണ സംവിധാനത്തെയോ ദുരുപയോഗം ചെയ്യരുത്. ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു.