ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്പെൻഡ് ചെയ്ത് ട്വിറ്റർ. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണിത്. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് അറിയിച്ചു.
രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്സഭ വിപ്പ് മണിയ്ക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന കെ.പി ബൈജുവിന്റെ അക്കൗണ്ടും സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.