തിരുവനന്തപുരം: 20 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തിരികെയെത്തിയ ചെറിയാൻ ഫിലിപ്പിന് പുതിയ സ്ഥാനം നൽകി കോൺഗ്രസ്. പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കി ചെറിയാന് ഫിലിപ്പിനെ നിയമിച്ചതായി കോൺഗ്രസ് അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയാണ് നിയമനകാര്യം പുറത്തുവിട്ടത്.
സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയാന് ഫിലിപ്പ് എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായി പിന്നീട് തെറ്റിയ ചെറിയാൻ ഫിലിപ്പ് 20 വർഷത്തോളം സിപിഎം സഹയാത്രികനായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് 20 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് തിരികെ കോൺഗ്രസിലെത്തിയത്.
