കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകൾ പെയർ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ കടലിൽ സംഘർഷാവസ്ഥ. ബേപ്പൂർ, ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കൻ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാവെന്നോ, പകലെന്നോ ഭേദമില്ലാതെ മത്സ്യബന്ധനം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പെയർ ട്രോളിംഗ് നടത്തുന്നവർക്കെതിരെ നിലപാട് എടുത്തത്. തുടർന്ന് അവർ വലവലിച്ച് മാറ്റിപോവുകയായിരുന്നെന്ന് വഞ്ചിക്കാർ പറഞ്ഞു. പെയർ ട്രോളിംഗ് നടത്തുന്ന ബോട്ടുകളുടെ നമ്പർ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ ഗാർഡിനും കൈമാറിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അക്ഷേപമുണ്ട്.
ബേപ്പൂർ, ചാലിയം, മംഗലാപുരം ഭാഗത്തുള്ള ബോട്ടുടമകൾ കുളച്ചലിലുള്ള തൊഴിലാളികൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ യാനം വിട്ടു കൊടുക്കുകയാണ്. പെയർ ട്രോളിംഗിനെതിരെ കഴിഞ്ഞ ദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. കൊയിലാണ്ടിയിൽ തൊഴിലാളികൾ വഞ്ചിക്കാരുടെ നേതൃത്വത്തിൽ ഹാർബർ പരിസരത്ത് യോഗം നടത്താൻ തീരുമാനിച്ചിരിക്കയാണ്.