
മനാമ: ബഹ്റൈനിൽ മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾ ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടായിരിക്കില്ല. മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് 400 കമ്പനികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ഇക്കാലയളവിൽ 144 കമ്പനികൾ മാത്രമാണ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുള്ളതെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു. രജിസ്ട്രേഷൻ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കമ്പനികൾക്കായി ആഗസ്റ്റ് 17, 18 തീയതികളിൽ ഗൾഫ് ഹോട്ടലിൽവെച്ച് പരിശീലന ശിൽപശാല സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
