തിരുവനന്തപുരം: ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ കലാകാരനായിരുന്നു ഇന്നസെന്റ് എന്നും സാമൂഹിക ചുറ്റുപാടുകളെയും ജന ജീവിതത്തെയും സ്പർശിച്ച് നിലപാടെടുത്ത പൊതുപ്രവർത്തകനായിരുന്നുവെന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ചലച്ചിത്രമേഖലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സ്വഭാവ നടൻ, ഹാസ്യനടൻ, നിർമ്മാതാവ് എന്നീ നിലകളിൽ മികവ് പുലർത്തി.
എന്നും ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന മാനിച്ച് ലോക്സഭാ സ്ഥാനാർത്ഥിയാകുകയും വിജയിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിൽ ശ്രദ്ധേയമായി ഉന്നയിക്കുകയും ചെയ്തത് കേരളം കൃതജ്ഞതയോടെ ഓർക്കും. അവസാനനിമിഷം വരെ നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതി ഇന്നസെന്റ് തന്റെ ജീവിതം കൊണ്ട് വലിയ മാതൃക കാട്ടി. രോഗത്തെക്കുറിച്ച് കേട്ടയുടനെ തളർന്നുപോയ അനേകർക്കിടയിൽ രോഗവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ വ്യക്തിപരവും പൊതുജീവിതവും ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോയി.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയാറുണ്ടായിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും തന്റെ നർമ്മം കലർന്ന വാക്കുകളും പെരുമാറ്റരീതികളും കൊണ്ട് സമൂഹത്തെ സന്തോഷിപ്പിക്കുക മാത്രമാണ് താൻ ചെയ്യേണ്ടതെന്ന് ഇന്നസെന്റ് വിശ്വസിച്ചു. പതിറ്റാണ്ടുകളായി മലയാള ചലച്ചിത്രമേഖലയുടെ ഭാഗമായിരുന്ന അദ്ദേഹം ദീർഘകാലം ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയെ നയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.