തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾക്ക് ഉള്ളത് പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ മദ്യക്കച്ചവടം ബാറുടമകൾക്ക് നൽകില്ല.
കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വരുത്തണമെന്നാണ് എക്സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള അന്തരീക്ഷമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് നയത്തിൽ ക്ലാസിഫിക്കേഷൻ ഉൾപ്പെടുത്തിയത്. ബാറുകൾക്ക് ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ നൽകും. ഇതിനർത്ഥം ഇനി മുതൽ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ലഭിക്കും. കള്ളുഷാപ്പുകളുടെ ലേലം ഓൺലൈനായി നടത്തും. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ മദ്യനയത്തിൽ ടോഡി ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനായുള്ള ചട്ടങ്ങളുടെ രൂപീകരണം അവസാന ഘട്ടത്തിലാണ്.
നിലവിൽ ഒരു തെങ്ങിൽ നിന്ന് രണ്ട് ലിറ്റർ കള്ള് ചെത്താൻ അനുവാദമുണ്ട്. അളവ് കൂട്ടാൻ അനുമതി നൽകണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതി രൂപീകരിക്കാനും നയത്തിൽ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു മുൻ നയത്തിലെ പ്രധാന ശുപാർശ. നിലവിൽ ബാറുകൾ പ്രവർത്തിപ്പിച്ച് പരിചയമുള്ള അബ്കാരിക്ക് ഐടി പാർക്കുകളിലെ ബാർ മാനേജ്മെന്റ് നൽകണമെന്നും ചർച്ച ഉണ്ടായിരുന്നു. ഒടുവിൽ ഐടി പാർക്കിലെ ക്ലബ്ബുകൾക്ക് തന്നെ ബാർ നടത്തിപ്പ് ചുമതല നൽകാനാണ് തീരുമാനം.