മലപ്പുറം: പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യോത്തരം വൈറലായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികരണം ഉൾപ്പെടെ കുട്ടികളുടെ ഉത്തരങ്ങൾ വിവാദമാക്കരുതെന്ന് ശിവൻകുട്ടി സൂചിപ്പിച്ചു. ആരെ ഇഷ്ടപ്പെടണമെന്നത് വ്യക്തിപരമാണ്. എന്നാൽ മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസുകൾ പുറത്തുവിട്ട സംഭവം അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഒരു നാലാം ക്ലാസുകാരിയുടെ അഭിപ്രായത്തെ ആ രീതിയിൽ കണ്ടാൽ മതിയെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
സംഭവത്തിൽ മലപ്പുറം ഡിഡിഇ വിശദീകരണം തേടിയിട്ടുണ്ട്. മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസ് എങ്ങനെ പുറത്തുവന്നു എന്നതും അന്വേഷിക്കുന്നുണ്ട്. നിലമ്പൂർ, തിരൂർ എ.ഇ.ഒമാരോട് റിപ്പോർട്ട് നൽകാൻ ഡി.ഡി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡി.ഡി.ഇ അറിയിച്ചു.